ഒരു വിമാനം വൈകിയ കഥ

കണ്ണൂർ ബോംബെ ഫ്ലൈറ്റ്.  നമ്മളെ ജയരാജൻ ഫെയിം ഇൻഡിഗോ.

4:15 ന് എടുക്കേണ്ട വിമാനം അര മണിക്കൂർ വൈകി. ഉറങ്ങിയും ഉണർന്നും വൈകുന്നേരത്തെ മേഘങ്ങളുടെ സ്വർണ വർണത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുമ്പോ 6 മണിക്ക് അനൗൺസ്മെന്റ്. 

ബോംബെ റൺവേയിൽ ഒരു ഫ്ലൈറ്റ് കുടുങ്ങി. 

നോ ലാൻഡിംഗ്,  നോ ടേക്ക് ഓഫ്‌. 






എനിക്കാണെങ്കിൽ രാത്രി ഓഫീസിൽ ആക്ടിവിറ്റി. 


ഈ സാധനം ഓടിക്കുന്ന പഹയൻ പറഞ്ഞു നമ്മൾ സൂറത്തിൽ ലാൻഡ് ചെയ്യുമെന്ന്. 

അങ്ങനെ വിമാനം ഒരു തിരിക്കലാ സൂറത് എയർപോർട്ടിലേക്ക്. ഞാൻ വിചാരിച്ചു കുറച്ചു സാരിയെല്ലാം മേടിച്ചിട്ട് വരാന്ന്. 


സൂറത്തിലെ മൊട്ടക്കുന്നിന്റെ മുകളിൽ വിമാനം എത്തിയപ്പോ പഹയൻ പറയുന്നു ആടെ സ്ഥലം ഇല്ലാന്ന്. 

വിമാനം മോപ്പയിൽ ഇറക്കാം എന്ന് പറഞ്ഞു.  എല്ലാരും കേട്ടത് ഭോപ്പാൽ എന്ന്. 

അപ്പൊ എയർഹോസ്റ്റസ് കിളി പറഞ്ഞു,  ഭോപ്പാൽ അല്ല,  മോപ ആണ്, അത് ഗോവയിലെ എയർപോർട്ട് ആണ് പോലും. 


ഗോവാന്ന് കേട്ടപ്പോ സന്തോഷമായി.  ഒരു ഫെനി വാങ്ങി വാഗ ബീച്ചിൽ പോകാം എന്ന് വിചാരിച്ചു. 


എന്റെ പൊട്ട ബുദ്ധിയിൽ അപ്പൊ ഒരു കുരുട്ട് സംശയം തോന്നി, ബോംബെ വല്യ എയർപോർട്ട് അല്ലേ.  ഒരു വിമാനം കുടുങ്ങിയാൽ വേറെ മൂന്ന് റൺവേ കാണില്ലേ. 

കിളിക്കൊച്ചിനോട് ചോദിച്ചപ്പോ അവൾ എനിക്കൊരു ക്ലാസ്സ്‌ എടുത്തു തന്നു. ബോംബെ റൺവേ ക്രോസ്സ് ഷേപ്പിൽ ആണ് പോലും. അതിന്റെ ഒത്ത നടുക്കാണ് മറ്റേ ഇന്റർനാഷണൽ വിമാനം കുടുങ്ങിയത്. ഇറങ്ങി തള്ളാൻ ആളില്ലേ എന്ന് ചോദിക്കാൻ പോയതാ. പിന്നെ കിളിയുടെ ചിരി കണ്ടപ്പോ ചളി വിളമ്പേണ്ട എന്ന് തീരുമാനിച്ചു. 

അങ്ങനെ നമ്മൾ നൂറ് നൂറ്റിരുപത്  വേഗത്തിൽ ഗോവയിലേക്ക് പോകുമ്പോ വിമാനം ഓടിക്കുന്ന ചങ്ങായി പറഞ്ഞു മുംബൈ റൺവേ ക്ലിയർ ആയി.  ഉടനെ തന്നെ മുംബൈയിൽ ഇറങ്ങും എന്ന്. 

ഉടനെ ഇറങ്ങുമോന്ന് കിളിയോട് ചോദിച്ചപ്പോ, ഓളൊരു നോട്ടം എന്നിട്ട് പറഞ്ഞു ഉടനെ അല്ല കുറച്ചു കഴിഞ്ഞിട്ടേ ഇറങ്ങു ഹനുമോനേന്ന്.

ആറ് മണിക്ക് ലാൻഡ് ആവേണ്ട പുഷ്പകം  അവസാനം ഏഴരക്ക് ബോംബെ എയർപോർട്ടിൽ എത്തി.

റൺവേയിൽ നോക്കുമ്പോൾ ആകെ മൊത്തം പുകിൽ.  ഫയർ ബ്രിഗേയ്ഡിന്റെ വണ്ടികളും ആംബുലൻസും അങ്ങോട്ടും ഇങ്ങോട്ടും പായുന്നു. ഒരു  പ്രൈവറ്റ് ജെറ്റ് മഴയത്ത് തെന്നി വീണതാണ് ഇതിനൊക്കെ കാരണം.  ബസിൽ ആഗമന കാവടത്തിലേക്ക് പോകുമ്പോൾ ദൂരെ കണ്ടു മൂക്കും കുത്തി കുഴിയിലേക്ക് വാലും നീട്ടി കിടക്കുന്ന ജെറ്റ്. അന്വേഷിച്ചപ്പോൾ ആർക്കും പരിക്കില്ലെന്ന് അറിഞ്ഞു. ഭാഗ്യം തന്നെ.

അവസാനം കൈച്ചലായി എന്ന് പറഞ്ഞാൽ മതിയല്ലോ.

ഇനി ഓഫീസിലേക്ക് പോട്ടെ. ടാറ്റാ



Comments

Post a Comment

Popular posts from this blog

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം