ഉറക്കം

        തലേന്ന് നേരത്തെ ഉറങ്ങിയത് കൊണ്ടായിരിക്കണം കാലത്ത് തന്നെ ഉണര്‍ന്നത്. ഒരു മൂന്നു മണിക്കൂര്‍ കൂടി ഉറങ്ങണമെന്നുണ്ടായിരുന്നു. പ്രകൃതിയുടെ വിളി വന്നത് കൊണ്ട് പറ്റിയില്ല - ആ വിളി മാത്രം കേട്ടില്ലെന്നു നടിക്കാനാവില്ലല്ലോ. മാര്‍വാടിയുടെ കടയില്‍ നിന്ന് വാങ്ങിയ പാലെടുത്ത് ചായ കാച്ചി.പത്രവായനയും കുളിയും കഴിഞ്ഞ ശേഷം ഓംലെറ്റ്‌ സാന്‍വിച്ച് ഉണ്ടാക്കി, മേമ്പൊടിക്ക് രണ്ട് നേന്ത്രപ്പഴവും. പ്രാതല്‍ ഭംഗിയായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. വയറിന്റെ കൂടെ തത്കാലം ആത്മാവിനും ശാന്തി കിട്ടിയതായി തോന്നി. ആയതിലേക്കായി ഉഗ്രനൊരേമ്പക്കവും വിട്ടു. വേറെ നേരമ്പോക്കൊന്നുമില്ല. ഉറങ്ങണോ വല്ലതും വായിക്കണോ എന്ന് ചിന്തിച്ചു കിടന്നതാണ്. കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു മണി. അരി അടുപ്പത്തിട്ട ശേഷം താത്കാലികാശ്വാസത്തിനായി രണ്ട് നേന്ത്രനെക്കൂടി കാച്ചി. പതിവ് പോലെ ഉച്ചയൂണിന് പരിപ്പും തൈരും തന്നെ. സംതൃപ്തി വാതിലില്‍ മുട്ടാതെ തന്നെ കടന്നു വന്നു. അത് മതി തീരും വരെ ഉറങ്ങിയതു കൊണ്ടാണോ അട്ടം മുട്ടും വരെ ഉണ്ടതു കൊണ്ടാണോ എന്ന് മനസ്സിലായില്ല. ദഹനം തടസപ്പെട്ടാലോ എന്ന് കരുതി ആ വഴിക്ക് കൂടുതല്‍ ചിന്തിക്കാന്‍ പോയില്ല. സൂര്യന്‍ പടിഞ്ഞാറു കാണുന്ന കുന്നിനു പിറകില്‍ ഒളിക്കുന്നതു വരെ പ്രത്യേകിച്ച് ജോലി ഒന്നുമില്ല. അത് വരെ പുതപ്പിനടിയില്‍ ഒളിക്കാം എന്ന് കരുതി കിടന്നതാണ്. സഹമുറിയന്റെ പാചകവിരുത് മൂക്ക് തുളച്ച് ഒരു തുമ്മലിന്റെ രൂപത്തില്‍ പുറത്തു വന്നപ്പോഴാണ് ഉണര്‍ന്നത്. പുറത്തേക്ക് നോക്കിയപ്പോള്‍ സൂര്യന്‍ ഒളിച്ചു കളി മതിയാക്കി അറബിക്കടലില്‍ നീരാട്ടിനു പോയിരിക്കുന്നതായി മനസ്സിലായി. അമ്പിളി രണ്ടും കല്പിച്ച് ആകാശത്തിന്റെ ഏകദേശം നടുക്ക് നിന്ന് പല്ലിളിക്കുന്നുമുണ്ട്.മണി പത്തു കഴിഞ്ഞിരിക്കുന്നു എന്ന് സാരം. ഒട്ടും സമയം പാഴാക്കാതെ സഹമുറിയന്റെ കൂടെ 'വിഭവങ്ങള്‍' കാലിയാക്കുന്നതില്‍ മുഴുകി. കലാപരിപാടി കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ക്ഷീണം. നാളെ എന്ത് തന്നെ വന്നാലും വൈകിയേ ഉണരൂ എന്നവാശിയോടെ പുതപ്പുമെടുത്തു കിടക്കയിലേക്ക് വീണു.


Comments

Post a Comment

Popular posts from this blog

ഒരു വിമാനം വൈകിയ കഥ

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

A sweet reading experience at hilltop - Old man and the sea