വിളക്കും പ്രസാദവും പുളിയും

"പതിനാറാം തൃപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്നയപ്പാ അയ്യനേ പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ"
രവി സ്വാമിയുടെ ഈണത്തിലുള്ള ശരണം വിളി ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. "ഡാ ഷാജീ, പതിനാറാം പടിയെത്തി. നീ വരുന്നില്ലേ?" തൂക്കുപാത്രവും കയ്യിലെടുത്ത് ഇറങ്ങുമ്പോൾ സന്തോഷ്‌ ഉറക്കെ ചോദിച്ചു. "നിക്കെടാ ചന്തൂ ഞാനെത്തി." "വേഗം വാ ഇപ്പൊ പായസം കൊടുക്കും." സന്തോഷ്‌ നടപ്പിനു വേഗം കൂട്ടി.  സന്തോഷും ഷാജിയും മച്ചുനൻമാരാണ്. അടുത്തടുത്ത വീടുകളിൽ താമസം. ഒരേ ക്ലാസ്സിൽ പഠിക്കുന്നു. എല്ലാ കുരുത്തക്കേടുകളും ഒപ്പിക്കുന്നത് ഒരുമിച്ചാണ്.
മണ്ഡല കാലമാണ്. തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ അയ്യപ്പഭജനയുണ്ട്‌. പക്ഷെ അതു കഴിഞ്ഞുള്ള പായസ വിതരണമാണ് ഇവരുടെ ലക്ഷ്യം.  ഭജന കഴിഞ്ഞ് പടി തൊട്ടു വന്ദനം തുടങ്ങുമ്പോൾ എല്ലാവരും തൂക്കു പാത്രവുമെടുത്ത് തയ്യാറായി നില്ക്കും.  പതിനഞ്ചാം പടി ചൊല്ലുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയാൽ ഹരിവരാസനം തീരുമ്പോഴേക്കും അവിടെ എത്താം.  ഇന്ന് അൽപം വൈകിപ്പോയി. ക്ഷേത്രത്തിലെത്തുമ്പോഴേക്കും കർപൂരാരാധനയും ഹരിവരാസനവും കഴിഞ്ഞ് നട അടച്ചിട്ടുണ്ടായിരുന്നു. രഞ്ജിയും മഞ്ജുവും രാജേഷുമൊക്കെ അര മതിലിൽ ചാരി നിൽപ്പുണ്ട്. എല്ലാവരുടെയും കയ്യിൽ തൂക്ക് പാത്രവുമുണ്ട്. ആദ്യം അവലും മലരും കൊടുക്കും. അത് കഴിച്ചുകഴിഞ്ഞാൽ വാഴയിലക്കീറിൽ പായസം. രാമേട്ടനാണ് പായസം വിളമ്പുന്നത്. ഉച്ചയ്ക്ക് ഷാജിയും സന്തോഷും രാമേട്ടനോട്‌ ഒന്ന് മുട്ടിയതാണ്.

                 അമ്പലത്തിൻറെ തൊട്ടു മുന്നിൽ വലിയൊരു പുളിമരമുണ്ട്. പഴുത്ത് പാകമായ പുളിക്കുലകൾ അതിൽ തൂങ്ങിനിൽക്കുന്നു. വാളൻപുളി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാം. അതിൻറെ കൂടെ ഉപ്പും മുളകുപൊടിയും ചേർത്താൽ തീർച്ചയായും ഒരു കൊച്ചു വെള്ളപ്പൊക്കമുണ്ടാക്കാം. ഉച്ച ഭക്ഷണത്തിന് പള്ളിക്കൂടത്തിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ രണ്ടുപേരും വഴിയൊന്ന് മാറ്റിച്ചവിട്ടും. പുളി പെറുക്കാൻ വേണ്ടി. അന്ന് അമ്പലമുറ്റത്ത്‌ എത്തുമ്പോഴേക്കും അതിനടുത്ത് താമസിക്കുന്ന പാഞ്ചുവമ്മ  വീണു കിടന്ന പുളിയൊക്കെ പെറുക്കിയെടുത്തിട്ടുണ്ടായിരുന്നു. പുളി മരത്തിൽ കേറാൻ എന്തായാലും പറ്റില്ല. മുതിർന്നൊരാൾ ചേർന്ന് പുണർന്നാലും കൈകൾ കൂട്ടിത്തൊടാൻ പറ്റില്ല. അത്രയ്ക്ക് വലിപ്പമുണ്ട്‌ മരത്തിൻറെ തായ്ത്തടിക്ക്. പോരാത്തതിന് പുലിയനുറുമ്പും നിറയെയുണ്ട്. അവർ കല്ലെടുത്തെറിഞ്ഞു. തുരുതുരാ പുളി വീണു. കുറെ അമ്പലമുറ്റത്തും കുറെ അമ്പലക്കുളത്തിലും. ഒരു കമ്പെടുത്ത് കുളത്തിൽ വീണ പുളിയെല്ലാം കരയ്ക്കടുപ്പിച്ചു. വീണ്ടും എറിഞ്ഞപ്പോൾ ഒരു കല്ല്‌ പുളിങ്കൊമ്പിൽ തട്ടി വലിയ ശബ്ദത്തോടെ അമ്പലത്തിൻറെ മേൽക്കൂരയുടെ ഓട്ടിൽ ചെന്ന് വീണു. ഭാഗ്യത്തിന് ഓട് പൊട്ടിയില്ല. "ആരെടാ അത്" ഭജനപ്പന്തലിൽ നിന്നും ആരോ ഉറക്കെ വിളിച്ചു ചോദിച്ചു. രണ്ടാളും മിണ്ടാതെ നിന്നു. മറുപടിയൊന്നും കിട്ടാതായപ്പോൾ അയാൾ പുറത്തേക്ക് വന്നു. രാമേട്ടനാണ്. തികഞ്ഞ ഭക്തനാണ് രാമേട്ടൻ. മണ്ഡലകാലത്ത് അമ്പലത്തിലാണ് താമസം. അവർ രാമേട്ടൻറെ മുഖത്ത് നോക്കിയപ്പോൾ പക്ഷെ ഭക്തിയുടെ കണിക പോലും കണ്ടില്ല. ഉച്ചയുറക്കം കളഞ്ഞതിൻറെ ദേഷ്യം മാത്രം. "ചന്തൂ നീയോ, ഷാജിയുമുണ്ടല്ലോ. അമ്പലത്തിലെന്താ ഉച്ചയ്ക്ക് പരിപാടി?" രണ്ടു പേരും മറുപടിയൊന്നും പറഞ്ഞില്ല. പേടി കൊണ്ട് രണ്ടിൻറെയും കാൽമുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു. രാമേട്ടന് ചുറ്റും നോക്കിയപ്പോൾ കാര്യം പിടി കിട്ടി. എറിഞ്ഞിട്ട പുളി കൂട്ടിവച്ചിരിക്കുന്നു, എറിയാൻ വേണ്ടി ഒരു കുഞ്ഞു കൂന കല്ലുകളും. "ചോറ് കഴിക്കാൻ സ്കൂൾ വിട്ടാൽ ഇതാണോടാ പണി? രണ്ടിൻറേം അച്ഛനെ ഞാനൊന്ന് കാണട്ടെ." "രാമേട്ടാ അച്ഛനോട് പറയല്ലേ." രാമേട്ടനോട്‌ കെഞ്ചുമ്പോൾ ഷാജി കഴിഞ്ഞ പ്രാവശ്യം തുടയിലേറ്റ ചൂരൽപ്പാട് അറിയാതെ തടവിപ്പോയി. "ഓടെങ്ങാനും പൊട്ടിയിരുന്നെങ്കിലോ. ഇനി പുളി പെറുക്കാനെന്നും പറഞ്ഞ് രണ്ടിനെയും ഈ ഭാഗത്ത്‌ കണ്ടു പോവരുത്." രണ്ടുപേരും തിരിഞ്ഞ് നടന്നു. "നിക്ക്." രാമേട്ടൻ പുറകിൽ നിന്നും വിളിച്ചു. "കഷ്ടപ്പെട്ട് എറിഞ്ഞതല്ലേ, കൊണ്ട് പൊയ്ക്കോ." കൂട്ടി  വച്ച പുളിയെല്ലാം പാൻറ്സിൻറെ പോക്കറ്റിലിട്ട് അവർ വീട്ടിലേക്കോടി.
   "ഭക്ത ജനങ്ങളെ, ഇന്നത്തെ വിളക്കും പ്രസാദവും വട്ടവളപ്പിൽ മാധവി അമ്മയുടെ വകയാണ്." ചന്ദ്രേട്ടൻറെ ശബ്ദം മൈക്കിനെ വിറങ്ങലിപ്പിച്ചു. മണ്ഡല കാലത്ത് അമ്പലത്തിലെ നിറമാലയുടെ  പ്രായോജകരുടെ പേര് വിളിച്ചു  പറയുന്ന പതിവുണ്ട്. ഇന്നത്തെ ടിവി പരസ്യത്തിൻറെ  പ്രാഗ് രൂപം. ഷാജിക്കും സന്തോഷിനും ഇലക്കീറിൽ പായസം വിളമ്പുമ്പോൾ രാമേട്ടൻ ഒന്നമർത്തി മൂളി. പായസം നല്ല ചൂടുണ്ട്. വെന്ത പായസത്തിൽ തേങ്ങ ചിരവിയിട്ടിട്ടുണ്ട്. ചൂട് കൊണ്ട് പായസം  ഒഴിച്ച വട്ടത്തിൽ ഇല കരുവാളിച്ചിരിക്കുന്നു.  എല്ലാവരും നിരന്നിരുന്ന് പായസം കഴിച്ചു. കഴിച്ച് കഴിഞ്ഞ്  പിള്ളേരെല്ലാം  തൂക്കു  പാത്രവും എടുത്ത് ബാക്കി ഉള്ള പായസത്തിന് വേണ്ടിവരി നിന്നു. വീട്ടിൽ എത്തുമ്പോഴേക്കും മലരും പായസവും ദഹിക്കും അപ്പോൾ കഴിക്കാൻ. തൂക്കു പാത്രവും തൂക്കി രണ്ടു പേരും വീട്ടിലേക്ക് നടന്നു. നാളെ മുതൽ അമ്പല പറമ്പിൽ വേണ്ട തെക്കെ പറമ്പിൽ നിന്നും പുളി പെറുക്കാം എന്ന് തീരുമാനിച്ച്  അവർ പിരിഞ്ഞു.

Comments

  1. ഇത് നിന്റെ കഥ അല്ലേടാ.. എന്തിനാ സന്തോഷിനെയും
    ഷാജീനെയൊക്കെ കൂട്ട് പിടിക്കുന്നെ :)

    ReplyDelete

Post a Comment

Popular posts from this blog

ഒരു വിമാനം വൈകിയ കഥ

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം