ഉയരത്തിനൊപ്പം കൂടുന്ന വായനയുടെ മധുരം




ചുട്ടുപൊള്ളുന്ന വേനലിന്റെ ഇടയിലാണ് ഒരു പൈതൽമല യാത്ര ഒത്തു വന്നത്.

ഇടനിലക്കാരായ മരങ്ങൾ മിക്കതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ അകത്തളങ്ങളെ അലങ്കരിച്ചിരുന്നു. സൂര്യന്റെ കച്ചവടം അതുകൊണ്ട് തന്നെ ഭൂമിയോട്, പ്രത്യേകിച്ച് താഴ്‌വാരങ്ങളോട് നേരിട്ടായിരുന്നു. ഇതിന് വിപരീതമായി കാറ്റും മരങ്ങളും മലമുകളിലെ ചൂടിന്റെ ഏറിയ പങ്കും സൂര്യനോട് നേരിട്ട് വാങ്ങി. പകരം ഭൂമിക്ക് തണുപ്പിന്റെ പുതയിട്ട് കൊടുത്തു.

ഈ യാത്ര ഞങ്ങൾക്ക്  ചൂടിൽ നിന്നും തണുപ്പിലേക്കുള്ള രക്ഷപ്പെടലായിരുന്നു. കണ്ണൂരിലെയും തളിപ്പറമ്പിലെയും ചൂടും പൊടിക്കാറ്റും കടന്ന് പതിയെ കുടിയാൻ മലയുടെ മിത ശീതോഷ്ണത്തിലൂടെ പൈതൽ മലയുടെ നനുത്ത, തണുത്ത കാലാവസ്ഥയിലേക്ക് ഞങ്ങൾ കാറോടിച്ചെത്തി. ഡ്രൈവ് ചെയ്ത് വന്നതിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും പൈതൽ മലയുടെ കുളിരും പച്ചപ്പും എല്ലാവരിലും ഉന്മേഷം നിറച്ചു.

പൈതൽ ഹിൽ റിസോർട്ടിൽ ചെക്ക് - ഇൻ കഴിഞ്ഞ് എല്ലാവരും നടക്കാൻ പോയപ്പോൾ ഞാൻ വില്ലയുടെ ബാൽക്കണിയിൽ കാഴ്ചയും കണ്ടിരുന്നു.  ദൂരെയുള്ള മലകളിൽ അസ്തമയത്തിന്റെ ചെഞ്ചായം പതിയെ കലരാൻ തുടങ്ങിയിരുന്നു.

വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബാഗിൽ ഉണ്ടായിരുന്ന അമേരിക്കൻ നോവലിസ്റ്റായ ഏണെസ്റ്റ് ഹെമിംഗ്‌വേയുടെ ഓൾഡ് മാൻ ആൻഡ് ദി സീ യുടെ സി വി ബാലകൃഷ്ണൻ പരിഭാഷപ്പെടുത്തിയ “വൃദ്ധനും വൻകടലും” എടുത്ത് വായിക്കാൻ തുടങ്ങി.  മലമുകളിലെ കുളിരുള്ള കാറ്റ് എന്റെ ഉടലിനെ ചുറ്റി തിരിച്ചു പോകുമ്പോൾ അവശനെങ്കിലും ഒരിക്കലും തളരാത്ത സാന്റിയാഗോയും, കുതുകിയും വൃദ്ധനിൽ പ്രതീക്ഷ നഷ്ടപ്പെടാത്ത ആ നഗരത്തിലെ ഏക വ്യക്തിയുമായ മനോലിൻ എന്ന ബാലനും തീരത്തേക്ക് വീശിയടിക്കുന്ന തിര പോലെ മാന്ത്രികത അവസാനിക്കാത്ത കടലും പിന്നെ ഒരിക്കലും പിടി തരാൻ കൂട്ടക്കാത്ത മർലിൻ മത്സ്യവും എന്റെ മനസിനെ ചുറ്റി വരിഞ്ഞു.

84 ദിവസം മീനൊന്നും കിട്ടാതെ നാട്ടുകാരാലും തന്റെ തന്നെ കീർത്തി നിറഞ്ഞ യൗവനത്താലും പരിഹാസ്യനായെങ്കിലും പലവട്ടം പൊട്ടിയ വല വീണ്ടും നെയ്യുന്ന ചിലന്തിയുടെ നിശ്ചയ ദാർഢ്യത്തോടെ അയാൾ വീണ്ടും കടലിലേക്ക് തിരിക്കുകയാണ്. 

സന്ധ്യ മങ്ങി മലകളിൽ ഇരുട്ട് ഇരുട്ട് പരന്നു. നടത്തം കഴിഞ്ഞ് കൂട്ടുകാർ തിരിച്ചു വന്നതിനാൽ വായന ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു. അപ്പോഴേക്കും സാന്റിയാഗോ ആഴക്കടലിലേക്ക്, അനശ്ചിതത്വത്തിന്റെ ഇരുട്ടിലേക്ക് വഞ്ചിയുമായി പോയി കഴിഞ്ഞിരുന്നു. 

കൂട്ടുകാരോടൊത്തു ഡിന്നർ കഴിഞ്ഞ് വില്ലയിലെ ബാൽക്കണിയിൽ തിരിച്ച്‌ വന്നിരിക്കുമ്പോൾ അങ്ങ് മലകളിൽ നിലാവിന്റെ പാലാഴി പരന്നിരുന്നു.  വീണ്ടും ഞാൻ സന്റിയാഗോയുടെ ലോകത്തിലേക്ക് തിരിച്ചു പോയി. തന്നോടും കടൽപക്ഷികളോടും ചെറുമീനുകളോടും സംസാരിച്ച് സാന്റിയാഗോ താൻ ആഴക്കടലിൽ ഏകനല്ലെന്ന് നടിച്ചു. വലയിൽ കുടുങ്ങിയ ചെറുമീനുകളെ പച്ചക്ക് കഴിച്ചും ബാക്കി ഉപ്പിട്ട് വെച്ചും അയാൾ ദിവസവും രാത്രിയും തള്ളി നീക്കി. കഥയുടെ മർമ്മഭാഗം ആയതിനാലും നിങ്ങളെല്ലാവരും പുസ്തകം വായിക്കണം എന്ന ആഗ്രഹം ഉള്ളതിനാലും  മെർലിൻ മത്സ്യത്തിന്റെ കൂടെയുള്ള പോരാട്ടത്തിനെ പറ്റി എഴുതുന്നില്ല. ഞാൻ പുസ്തകം മടക്കി വെച്ച് ഉറങ്ങാൻ കിടക്കുമ്പോഴേക്കും അയാൾ ആ വലിയ മീനിനെ കടൽ തിരകളോടും തന്റെ തന്നെ അവശതകളോടും പൊരുതി വഞ്ചിയുടെ അരിക് ചേർത്ത് കെട്ടി കഴിഞ്ഞിരുന്നു. 

പിറ്റേന്ന് എഴുന്നേറ്റ് പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതിയുടെ മായാജാലത്തിൽ ഞാൻ സ്വയം മറന്നുപോയി.  പൈതൽ മല കൂട്ടത്തിൽ കുഞ്ഞനാണ്.  ചുറ്റുമുള്ള വല്യേട്ടൻ മലകളുടെ ഇടയിൽ ആകാശത്തേക്ക് തല ഉയർത്തി നോക്കുന്നവൻ.  പൈതൽ മലയുടെ മുകളിലുള്ള വില്ലയിൽ നിന്ന് നോക്കുമ്പോൾ വലിയ മലകളിൽ സൂര്യന്റെ കലാവിരുത് കാണാം.  വെയിലും നിഴലും മിശ്രണം ചെയ്ത് മലകളെ ഭംഗിയുള്ളതാക്കി.  കിഴക്കേ അറ്റത്തുള്ള മലകൾ മറ്റു മലകളിൽ കൂടുതൽ നിഴൽ പരത്തി. നിഴലിൽ മങ്ങിയ മരങ്ങൾ വെയിലിൽ തിളങ്ങുന്ന മരങ്ങളോട് കൊഞ്ഞനം കുത്തി. കൂട്ടുകാർ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. ഞാൻ വീണ്ടും പുസ്തകമെടുത്തു. 

ജേതാവിനെ പോലെ കരയിലേക്ക് വഞ്ചിയുമായി വന്ന സന്റിയാഗോയ്ക്ക് മുന്നിൽ കൊലയാളി സ്രാവുകൾ ഒന്നിന് പിറകെ ഒന്നായി വന്നു. തന്നാലാവും വിധം പൊരുതിയെങ്കിലും കരയിലേക്ക് അടുക്കുമ്പോഴേക്കും താൻ പിടിച്ച മീനിന്റെ അസ്ഥികൂടം മാത്രം ബാക്കിയാവുമ്പോൾ സാന്റിയോഗയുടെ കൂടെ തളരുന്നത് നമ്മൾ കൂടെയാണ്.

“ഒരു മനുഷ്യനെ തകർക്കാം പക്ഷെ തോൽപ്പിക്കാനാവില്ല” എന്ന് സാന്റിയാഗോയിലൂടെ ഹെമിംഗ്‌വേ നമ്മളോട് പറയുമ്പോൾ  നമ്മുടെ തളർച്ച പ്രത്യാശക്കും പോരാട്ടവീര്യത്തിനും വേണ്ടി വഴി മാറി നിൽക്കും.

കരയിൽ തളർന്നുറന്ന് എഴുന്നേൽക്കുമ്പോഴേക്കും സാന്റിയാഗോ വലിയ മീനിനെ സ്രാവുകളോട് പൊരുതി കരയിലെത്തിച്ച വാർത്ത നഗരത്തിൽ പരക്കുന്നു.  സാന്റിയാഗോ പോരാട്ടത്തിന്റെയും ഉയിർത്തെണീപ്പിന്റെയും പ്രതീകമാവുന്നു. പിറ്റേന്ന് ഒരുമിച്ച് മീൻ പിടിക്കാൻ പോകാം എന്ന് മനോലിനോട് പറഞ്ഞ് സാന്റിയാഗോ വീണ്ടും ഉറങ്ങാൻ പോകുമ്പോൾ നോവൽ അവസാനിക്കുന്നു.

പുസ്തകം വായിച്ചു തീർത്ത് പുറത്തേക്ക് നോക്കുമ്പോൾ സൂര്യൻ കുറച്ചു കൂടെ ഉയരെ എത്തിയിരുന്നു. സാന്റിയാഗോയുടെ നിശ്ചയ ദാർഢ്യമാണോ  വെയിലിൽ തിളങ്ങുന്ന മലകളുടെ മനോഹര്യതയാണോ എന്നറിയില്ല എന്തോ എന്റെ മനസ്സിൽ പ്രതീക്ഷയുടെ പുതു നാമ്പുകൾ മുളപ്പിച്ചു.

മലയിറങ്ങി പട്ടണത്തിന്റെ ചൂടിൽ തിരിച്ചെത്തിയപ്പോഴും എന്റെ മനസ്സിൽ കടലിൽ പൊരുതുന്ന സന്റിയാഗോയും  കൂട്ടത്തിൽ കുഞ്ഞനെങ്കിലും മനോഹരനായ പൈതൽ മലയുമായിരുന്നു. 



-----

തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്‌ടിച്ച അമേരിക്കൻ എഴുത്തുകാരനാണ് ഏണെസ്റ്റ് ഹെമിംഗ്‌വേ. അലങ്കാരങ്ങളുടെ വർണ ശബളിമയോ വിശേഷണങ്ങളുടെ ഏച്ചുകെട്ടലോ ഇല്ലാതെയുള്ള എഴുത്തിന്റെ പ്രചരകനായിരുന്നു അദ്ദേഹം. വായനക്കാരെ തന്റെ കഥാ വഴിയിൽ ചേർത്ത് നിർത്താൻ  കർത്തരി പ്രയോഗം ആണ് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. വിശേഷണങ്ങളെ അകറ്റി നിർത്താൻ കുറച്ചു കൂടെ ശക്തവും സ്പുടവുമായ നാമവും കർമവും തന്റെ നോവലിൽ ഉപയോഗിച്ചു. 

 ഹെമിംഗ്‌വേ ഭാവാർത്തങ്ങളിലൂടെ വായനക്കാരോട് സംവദിച്ചു. “A farewell to Arms” എന്ന നോവലിൽ എഴുതിയ ഈ വരി അതിനുദാഹരണമാണ്. ഒന്നാം ലോകമഹായുദ്ധത്തിനെ ‘സ്വന്തം വീട്ടിൽ തീ പിടിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയോടാണ്’ അദ്ദേഹം ഉപമിച്ചത്. യുദ്ധത്തിനിടെയുള്ള നാശം നിസ്സഹായതയോടെ കണ്ടു നിൽക്കുന്ന ഒരാളുടെ നിരാശ ഇതിലും ഭംഗിയായി എങ്ങനെ പറയും.

ഹെമിംഗ്‌വേ ചെറു വാക്യങ്ങളിലൂടെ തന്റെ കഥലോകം സൃഷ്ടിച്ചെടുത്തു. പൊടിപ്പും തൊങ്ങലും വച്ച നൂറു വാക്കുകളെക്കാൾ കാര്യം വ്യക്തമാക്കാൻ ശക്തമായ ഒരു ചെറു വാക്കാണ് ഉത്തമം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

വളർന്നു വരുന്ന എല്ലാ എഴുത്തുകാർക്കും മാതൃകയാണ് ഹെമിംഗ്‌വേയുടെ ശൈലി. അദ്ദേഹത്തിന്റെ എഴുത്തിനോട് തീർത്തും സാദൃശ്യം പുലർത്താത്ത ഒരു ആസ്വാദനക്കുറിപ്പാണിതെന്ന് ഓർമപ്പെടുത്തിക്കൊണ്ട് നിർത്തട്ടെ

Comments

  1. ഏണെസ്റ്റ്ഹെമിംഗ്‌വേ എന്ന പ്രതിഭ ശാലിയെ അറിയാൻ പറ്റിയതും അദ്ദേഹത്തിന്റെ രചനയെ വായിക്കാനായി പ്രണയം തോന്നും വിധം നല്ലൊരു ആസ്വാദനകുറിപ്പ്, ഒപ്പം ഞാൻ അറിയാത്ത പൈതൽ മലയും. ഇനിയും നല്ല എഴുത്തുകൾ ആ തൂലികയിൽ നിറയട്ടെ..:)

    ReplyDelete

Post a Comment

Popular posts from this blog

ഒരു വിമാനം വൈകിയ കഥ

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം